08:51am 11 November 2026
NEWS

ക്ഷേത്രങ്ങളിൽ രാഷ്ട്രീയ കൊടിതോരണങ്ങൾ വേണ്ടെന്ന് സർക്കാർ

15/09/2025  07:37 AM IST
nila
 ക്ഷേത്രങ്ങളിൽ രാഷ്ട്രീയ കൊടിതോരണങ്ങൾ വേണ്ടെന്ന് സർക്കാർ

രാഷ്ട്രീയ സംഘടനകളുടെ കൊടിതോരണങ്ങളോ ചിഹ്നങ്ങളോ ക്ഷേത്രത്തിലും ക്ഷേത്രപരിസരത്തും അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരിന്റെ കർശന നിർദ്ദേശം. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണ് ദേവസ്വം വകുപ്പ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളിൽ ഹൈക്കോടതി നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ നിലപാട് കടുപ്പിക്കുന്നത്. 

ഏകവർണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മത-സാമുദായിക സ്പർധയുണ്ടാക്കുന്നതും വളർത്തുന്നതുമായ പ്രചാരണ സാധനങ്ങൾ തുടങ്ങിയവയും ക്ഷേത്രപരിസരത്ത് അനുവദിക്കില്ല. ഉത്സവകാലത്തും ഈ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. 

തൃശ്ശൂർ തേക്കിൻകാട് മൈതാനം പൊതുപരിപാടികൾക്ക് താത്കാലികമായി വാടകയ്ക്ക് നൽകുമ്പോൾ ക്ഷേത്ര ചുറ്റുമതിലിന് പുറത്തുള്ളതും ക്ഷേത്രത്തിന്റ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്തോ കെട്ടിടങ്ങളിലോ ദേവസ്വം കമ്മീഷണറുടെയോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയോ അനുമതിയോടെ മാത്രമേ കൊടിയോ തോരണങ്ങളോ അനുവദിക്കൂവെന്നും നിർദേശത്തിൽ പറയുന്നു. സർക്കാർ നിർദേശങ്ങളടങ്ങിയ സർക്കുലർ എല്ലാവർക്കും കാണത്തക്കവിധം ക്ഷേത്രങ്ങളിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img